Thursday, June 9, 2011

നിറം


ഒരുപാടുവര്‍ണങ്ങള്‍ ഒന്നിച്ചൊഴുകിയ
കാന്‍വാസാണ് നിന്‍റെ പ്രണയം.
ഒരുപാട് പൂക്കളുടെ നിറങ്ങള്‍
ചാലിച്ച ശലഭച്ചിറക്.
അതില്‍ എന്‍റെ നിറമേതെന്നു
ഞാന്‍ തിരഞ്ഞെടുത്തോളണം.
പച്ചയാണെങ്കില്‍ ചുവപ്പിന്‍റെയും
ചുവപ്പാണെങ്കില്‍ മഞ്ഞയുടെയും
മഞ്ഞയാണെങ്കില്‍ നീലയുടെയും
കലര്‍പ്പുണ്ടായേക്കാം.
കണ്ണീരുതൂവി, അരികുകള്‍ തുടച്ച്,
എനിക്ക് വിധിച്ചുനല്കിയ നിറം
വേര്‍തിരിചെടുക്കുമ്പോഴേക്ക്
ഒരു വസന്തം തീര്‍ന്നുപോയേക്കാം.
അതുകൊണ്ട്, അതങ്ങനെതന്നെയിരിക്കട്ടെ
പലനിറങ്ങള്‍ തൂകിയ ആ കാന്‍വാസ്
വെളുപ്പിന്‍റെ തുള്ളിപോലുമില്ലാതെ,
എല്ലാ നിറങ്ങളും ചേര്‍ന്ന് അതൊരു
കറുപ്പാകും  മുന്‍പ്‌
എനിക്കെന്‍റെ
ചിറക് തിരികെ തരുക-
നിന്‍റെ സ്നേഹത്തിന്‍റെ
പണയപ്പണ്ടം.


-മുല്ലപ്പൂ

1 comments:

sanavi said...

NANNAYITTUNDU...

Post a Comment